Kerala
കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിന്റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. റോഡ് മാർഗം തിരുവനന്തപുരത്തേക്ക് എത്തുന്ന ആംബുലൻസിന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് പോലീസ് വഴിയൊരുക്കുന്നത്.
അമൃതയിൽ നിന്ന് കുന്നുംപുറം ഇടപ്പള്ളി, വൈറ്റില വഴി ഇടത്തെടുത്ത് മിനി ബൈപാസ് വഴി തൃപ്പൂണിത്തുറ, പുത്തൻകാവ്, ഏറ്റുമാനൂർ, കോട്ടയം വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന രീതിയിലാണ് ഗതാഗതം സജ്ജീകരിച്ചിരിക്കുന്നത്.
രണ്ടു വൃക്കകള് തിരുവനന്തപുരം എസ്എടിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിലേക്ക് എത്തിക്കും. കരള് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാല്വ് ശ്രീചിത്രയിലേക്കുമാണ് ദാനം ചെയ്തത്. വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിന് ഷെറിന് ചരിത്രത്തിന്റെ ഭാഗമായി. അതേസമയം ഇൻക്വസ്റ്റ് നടപടികളും ഗാർഡ് ഓഫ് ഓണറിനും ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
District News
മെഡിക്കല്കോളജ്: മകന്റെ വേര്പാടില് മനം തകര്ന്നു നില്ക്കുമ്പോഴും മറ്റുള്ളവരുടെ കണ്ണീരൊപ്പാന് ഒരു അമ്മയെടുത്ത തീരുമാനം മാനവികതയുടെ ഉദാത്തമായ മാതൃകയായി.
കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തെയാകെ തീരാദുഃഖത്തിലാഴ്ത്തിയെങ്കിലും അര്ബുദ രോഗിയായ ഒരമ്മ, തന്റെ അത്താണിയായ മകന് നഷ്ടപ്പെട്ട നിമിഷത്തിലും എടുത്ത ധീരമായ തീരുമാനമാണ് ഏഴുപേര്ക്കു ജീവിതത്തിലേക്കുള്ള മടക്കയാത്രയായത്.
ഡിസംബര് 14-ന് വൈകു ന്നേരം 6.30ന് കൊല്ലം മൂക്കാട്ടുക്കുന്നില് സംഭവിച്ച വാഹനാപകടത്തെത്തുടര്ന്നു തിരുവനന്തപുരം മെഡിക്കല് കോളജില് ചികിത്സയിലിരിക്കെയാണ് ഷിബുവിനു മസ്തിഷ്ക മരണം സംഭവിച്ചത്. ആ സങ്കടക്കടലിലും അമ്മ ശകുന്തളയും സഹോദരി എസ്. ഷിജിയും സഹോദരീഭർത്താവ് എസ്. സലീവും ചിന്തിച്ചത് മറ്റുള്ളവരുടെ ജീവനെക്കുറിച്ചായിരുന്നു.
ഷിബുവിന്റെ ഹൃദയം അനാഥയായ നേപ്പാളി പെണ്കുട്ടിക്ക് ലഭിച്ചതോടെ രാജ്യം സാക്ഷ്യം വഹിച്ചതു ചരിത്രപരമായ മറ്റൊരു നേട്ടത്തിനുകൂടിയാണ്. രാജ്യത്ത് ആദ്യമായി ഒരു സര്ക്കാര് ജനറല് ആശുപത്രിയില് (എറണാകുളം ജനറല് ആശുപത്രി) ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ വിജയകരമായി നടന്നു. ഷിബുവിന്റെ രണ്ടു വൃക്കകള്, കരള്, ഹൃദയം, രണ്ട് നേത്രപടലങ്ങള്, ചര്മ്മം എന്നിങ്ങനെ ഏഴ് അവയവങ്ങളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില് കഴിഞ്ഞിരുന്നവര്ക്ക് പുതുജീവന് നല്കിയത്.
ഷിബുവിനും കുടുംബത്തിനും തിരുവനന്തപുരം മെഡിക്കല് കോളജില് പ്രത്യേക ആദരവ് നല്കി. ചടങ്ങില് ആരോഗ്യമന്ത്രിക്ക് വേണ്ടി ഡിഎംഇ കെ.വി. വിശ്വനാഥന്, മെഡിക്കല് കോളജ് പ്രിന്സിപ്പല് പി.കെ ജബ്ബാര്, സൂപ്രണ്ട് സി.ജി ജയചന്ദ്രന്, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര് എസ്.എസ് നോബിള് ഗ്രേഷ്യസ്, എഒ ബിനോയ് മാത്യു എന്നിവര് ആദരാഞ്ജലികള് അര്പ്പിച്ചു.